ഗോൾഡൻ ക്യാറ്റ് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു

“അ” ഹൈദരാബാദ് (ARTS) ആഗോളതലത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സര അവാർഡ് വിജയികളെ ഓൺലൈൻ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു.
കഥ: മനോജ് വെള്ളനാട് (ദോസഖ് തഹ് ദർവാസ), കവിത : ഇ മീര (ബോധിവൃക്ഷത്തിലെ പരുന്ത്) എന്നിവരാണ്
പുരസ്കാര വിജയികൾ. പ്രശസ്ത കലാ സംവിധായകൻ രാജീവ് നായർ രൂപകൽപന ചെയ്ത ശിൽപ്പവും 25000 രൂപ സമ്മാനത്തുകയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. ഹൈദരാബാദ് കേന്ദ്രീകരിച്ച് നടന്ന ചടങ്ങിൽ സിനിമാ, സാഹിത്യ പ്രവർത്തകൻ മധുപാൽ, പ്രശസ്ത നോവലിസ്റ്റ് വി ജെ ജയിംസ് എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ ആൾ ഇന്ത്യ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി പി എൻ ശ്രീകുമാർ മുഖ്യ അതിഥി ആയിരുന്നു.മുതിർന്ന മാധ്യമ പ്രവർത്തകനായ സി ജി ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. ഉദയൻ, ടി വി രാജൻ, വിജയകൃഷ്ണൻ മണ്ണൂർ, മേതല ഗോപാലൻ, സിജി സനിൽ, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഡിസംബർ 5 ന് ഹൈദരാബാദ് രവീന്ദ്ര ഭാരതിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനവിതരണം നടക്കുമെന്ന് “അ” ഹൈദരാബാദ് ഭാരവാഹികൾ അറിയിച്ചു.